History of kelakam Grama Panchayat

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന ഒരു പഞ്ചായത്താണ് കേളകം ഗ്രാമപഞ്ചായത്ത്. കേളകം, കണിച്ചാർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കേളകം ഗ്രാമപഞ്ചായത്ത് 1972 ഫെബ്രുവരി 11-നാണ്‌ രൂപീകരിച്ചത്. ഒരു മലയോര കുടിയേറ്റ പ്രദേശമായ കേളകം, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് സ്ഥിതി ചെയ്യുന്നത്. കേളകം ഗ്രാമപഞ്ചായത്തിന് 77.92 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. കൊട്ടിയൂർ വനത്തിൽ നിന്നും വയനാട്ടിൽ നിന്നും ഒഴുകിവരുന്ന ചെറുപുഴകൾ ചേർന്നു രൂപംകൊള്ളുന്ന ബാവലിപ്പുഴ സമതലങ്ങളെ ഫലഭൂയിഷ്ഠമാക്കിക്കൊണ്ട് ഏകദേശം ആറു കിലോമീറ്ററോളം കേളകം പഞ്ചായത്തിലൂടെ ഒഴുകുന്നു. ബാവലി പുഴയും വടക്കേ അതിർത്തിയിലൂടെ ഒഴുകുന്ന ചീങ്കണ്ണിപുഴയും 22 തോടുകളും 316 പൊതു കുളങ്ങളും നിരവധി നീർച്ചാലുകളുമാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ. ചീങ്കണ്ണിപ്പുഴയും, കൊട്ടിയൂർ റിസർവ് വനവും ഈ പഞ്ചായത്തിന്റെ അതിർത്തിയിലാണ്.