കൈലാസംപടി∙ കേളകം പഞ്ചായത്തിലെ കൈലാസം പടിയിൽ ഭൂമി വിണ്ടു കീറുന്ന പ്രതിഭാസം വീണ്ടും കൂടുതൽ കൃഷിയിടങ്ങളിലേക്ക് വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം കാഞ്ഞിരക്കുളത്തിൽ ബെന്നിയുടെ കൃഷിയിടത്തിലേക്ക് വിള്ളൽ വ്യാപിച്ചതായി കണ്ടെത്തി. ഈ വിള്ളലിലേക്ക് വെള്ളം ഒഴുകി ഇറങ്ങുന്നുണ്ട്. അടയ്ക്കാത്തോട് ശാന്തിഗിരി റോഡിന്റെ ഒരു വശത്ത് മാത്രമാണ് ഇതുവരെ വലിയ വിള്ളൽ രൂപപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ റോഡിൽ മാത്രം രണ്ട് ഇടങ്ങളിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട് .ഇതിന് പുറമേ റോഡിന്റെ മറു ഭാഗത്താണ് ഇപ്പോൾ വിള്ളൽ പുതിയതായി ഉണ്ടായിട്ടുള്ളത്. കൂടാതെ അടയ്ക്കാത്തോട് ശാന്തിഗിരി റോഡിൽ നിന്ന് വെണ്ടേക്കുംചാൽ ശാന്തിഗിരി റോഡിലേക്കുള്ള റോഡിലെ ടാറിങ്ങിന് നടുവിൽ ഉറവ പൊട്ടി പൊട്ടിയതും നാട്ടുകാരിൽ ആശങ്ക വർധിപ്പിക്കുന്നു. അതേസമയം, ജില്ലാ ഡപ്യൂട്ടി കലക്ടർ എ.എസ്.ജോസഫ് ഇന്നലെ കൈലാസം പടിയിൽ എത്തി ഭൂമി വിണ്ടു കീറുന്ന പ്രദേശങ്ങൾ എല്ലാം നേരിൽ കണ്ട് പരിശോധിച്ചു.